പോലീസ് ഓടിയെത്തി; തൂങ്ങിമരിക്കാൻ ശ്രമിച്ച ഗൃഹനാഥന് പുതുജീവൻ
1430253
Wednesday, June 19, 2024 10:50 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസിന്റെ സമയോചിതമായ ഇടപെടൽ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ മരണത്തില്‍നിന്നു ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ ഇന്നലെ രാവിലെ 10.30നു
ഈരാറ്റുപേട്ട സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടനടി സ്ഥലത്ത് എത്തുകയായിരുന്നു.
പോലീസ് വീട്ടിലെത്തുമ്പോള്‍ ഇയാൾ വഴക്കിനെത്തുടർന്ന് വീട് പൂട്ടിയിട്ടശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടന്‍തന്നെ പോലീസ് മുറിയുടെ വാതില്‍ ചവിട്ടിത്തുറക്കുകയും മുണ്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്ന ഇയാളെ കെട്ട് മുറിച്ചു താഴെയിറക്കുകയും ഉടന്‍തന്നെ പ്രഥമ ശുശ്രൂഷ നൽകി രക്ഷിക്കുകയുമായിരുന്നു. പിന്നീട് എത്തിയ പാലിയേറ്റീവ് അംഗങ്ങൾക്ക് ഇയാളെ കൈമാറിയശേഷമാണ് പോലീസ് സംഘം മടങ്ങിയത്.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്ഐ രാധാകൃഷ്ണൻ, സിപിഒ സന്ദീപ് എന്നിവരുടെ സമയോചിത ഇടപെടൽ മൂലമാണ് ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാനായത്.