റോഡ് കുത്തിപ്പൊളിച്ചു, നാട്ടുകാര്‍ ദുരിതത്തില്‍
1430255
Wednesday, June 19, 2024 10:50 PM IST
പയപ്പാര്‍: കരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ പയപ്പാര്‍ -മാതാളിപ്പാറ റോഡ് കാല്‍നടയാത്ര പോലും അസാധ്യമാകുംവിധം തകര്‍ന്നുകിടക്കുന്നു. ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്കുവേണ്ടി കരാറുകാര്‍ റോഡിന്റെ പകുതിയോളം കുത്തിപ്പൊളിക്കുകയും പൈപ്പിട്ടതിനുശേഷമുള്ള വര്‍ക്കുകള്‍ തീര്‍ക്കാതെ പോവുകയും ചെയ്തതാണ് ഇപ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ മെയിന്റനന്‍സ് വര്‍ക്കിനായി പഞ്ചായത്തിലെ 2023 - 24 പദ്ധതിയില്‍പ്പെടുത്തി പത്തു ലക്ഷം രൂപ അനുവദിച്ചിരുന്നു.പഞ്ചായത്തില്‍നിന്നു റോഡ് ടാര്‍ ചെയ്യുവാനുള്ള കരാറും കൊടുത്തിരുന്നു. എന്നാല്‍ ജല്‍ജീവന്‍ മിഷന്റെ പദ്ധതി പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ടാറിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ. ഇതിനാല്‍ റോഡിന്റെ പണികള്‍ നീളുകയാണ്.
സ്കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.