കുരുവിക്കൂട് എല്‍പി സ്കൂളിന് പാചകപ്പുരയും ഡൈനിംഗ് ഹാളും യാഥാര്‍ഥ്യമായി
1430257
Wednesday, June 19, 2024 10:50 PM IST
പൈക: ഇരുന്നൂറില്പരം കുട്ടികള്‍ പഠിക്കുന്ന ശ്രീദയാനന്ദ എല്‍പി സ്കൂളിന് പാചകപ്പുരയും ഡൈനിംഗ് ഹാളും യാഥാര്‍ഥ്യമായി. എന്‍എസ്എസ് ഉരുളികുന്നം കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ സ്കൂളിന് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപയോളം സമാഹരിച്ച് പുതിയ സ്കൂള്‍ മന്ദിരം നിര്‍മിച്ചിരുന്നു.
എന്നാല്‍, സ്കൂളിനാവശ്യമായ പാചകപ്പുരയും ഡൈനിംഗ് ഹാളും ഉണ്ടായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോള്‍ പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പുതുതായി നിര്‍മിച്ച പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഇ.ആര്. സുശീലന് പണിക്കര്‍ അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, പഞ്ചായത്ത് മെംബര്‍മാരായ മാത്യൂസ് പെരുമനങ്ങാട്ട്, ജയിംസ് ജീരകത്ത്, സിനി ജോയി, യമുന പ്രസാദ്, പിടിഎ പ്രസിഡന്റ് ദീപു ഉരുളികുന്നം, എലിക്കുളം സഹകരണബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, ഹെഡ്മിസ്ട്രസ് കവിത കെ. നായര്‍ എന്നിവര്‍ പ്രസംഗിക്കും.