വായനപക്ഷാചരണത്തിനു തുടക്കം
1430270
Wednesday, June 19, 2024 11:01 PM IST
കോട്ടയം: വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാഴൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. വായനയുടെ രീതികള്‍ മാറിയെങ്കിലും വായന മരിക്കുന്നില്ല. എന്നാല്‍ ചെറുപ്പക്കാര്‍ വായനശാലകളില്‍ വന്നു വായിക്കുന്ന പതിവ് ഇപ്പോള്‍ വളരെ കുറവാണ്. സാംസ്കാരികപ്രവര്‍ത്തനങ്ങളിലും അവരുടെ പങ്കാളിത്തം കുറവാണ്. ഇത്തരം പ്രവര്‍ത്തികളിലേയ്ക്ക് അവരെ തിരിച്ചുകൊണ്ടുവരാനും വായനശാലകള്‍ക്കു കഴിയുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കരുണാകരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, വിദ്യാര്‍ഥിനി അക്ഷരലഷ്മി അരുണ്‍, വിദ്യാര്‍ഥിനി പാര്‍വതി ബാബു, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ചന്ദ്രബാബു, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ എന്‍.ഡി. ശിവന്, അനില്‍ വേഗ, ലാല്‍ വര്‍ഗീസ്, സുധീഷ് വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.