രണ്ടായിരം പേരെ കഥ വായിപ്പിച്ച് വിദ്യാർഥികൾ
1430271
Wednesday, June 19, 2024 11:01 PM IST
എരുമേലി: എല്ലാം ഡിജിറ്റലായി മാറിയ ഈ കാലഘട്ടത്തിൽ വായന മറക്കരുതെന്ന് ഓർമിപ്പിക്കാൻ ടൗണുകൾ ചുറ്റി മൂന്നു വിദ്യാർഥികൾ രണ്ടായിരം പേരെക്കൊണ്ട് കഥ വായിപ്പിച്ചത് വായനദിനത്തിൽ ശ്രദ്ധേയമായി.
കഥയുടെ ഒടുവിലുള്ള ചോദ്യത്തിന് ശരി ഉത്തരം വൈകുന്നേരത്തിനകം വാട്സ് ആപ് ചെയ്ത് അറിയിച്ചാൽ ആയിരം രൂപയുടെ പുസ്തകം സൗജന്യമായി നൽകുമെന്ന ഓഫറുമുണ്ടായിരുന്നു.
166 പേരാണ് ശരി ഉത്തരം അയച്ചത്. അതിൽ നറുക്കെടുപ്പിലൂടെ എരുമേലി ടൗണിൽ ചായക്കട നടത്തുന്ന ശ്രീവിദ്യ തെരഞ്ഞെടുക്കപ്പെട്ടു.
സാഹിത്യകാരൻ ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥയുടെ 2000 കോപ്പികളാണ് കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂവ് സർഗവേദിയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർഥികൾ വിതരണം ചെയ്തത്.
എരുമേലി ടൗണിൽ യാത്രക്കാർക്കെല്ലാം കഥയുടെ കോപ്പികൾ നൽകി. കഥയിലെ പ്രധാന കഥാപാത്രമായ വെള്ളായിയപ്പനെ നേരത്തെ വായിച്ചവർ വീണ്ടും കഥ വായിച്ച് സങ്കടപ്പെട്ടു.
ആദ്യമായി പരിചയപ്പെട്ടവർക്ക് കഥ മറക്കാനാവാത്ത അനുഭവമായി. കഥയിലെ പൊതിച്ചോറിന് അവസാനം എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു കഥയോടൊപ്പമുണ്ടായിരുന്ന ചോദ്യം.
പൂവ് സർഗവേദിയുടെ പ്രവർത്തകരായ റിജോ, അനന്ദു റാം, അതുൽ എന്നീ വിദ്യാർഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.