വായനദിനാചരണം
1430273
Wednesday, June 19, 2024 11:01 PM IST
കാഞ്ഞിരപ്പള്ളി: വായനയുടെ വാതായനം തുറന്നിട്ട് ആനക്കല്ല് സെന്റ് ആന്റ്ണീസ് പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. വായനദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാർഥികളും അധ്യാപക - അനധ്യാപകരും വായനയ്ക്കായി പതിനഞ്ച് മിനിറ്റ് മാറ്റിവച്ചു. വായനദിനത്തിന്റെ ഭാഗമായി കവിതാ രചന, പോസ്റ്റര്‍ ഡിസൈനിംഗ്, ക്യാപ്ഷന്‍ റൈറ്റിംഗ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാഥിനി ലക്ഷ്മി പാര്‍വതി അനില്‍ വായനദിന സന്ദേശം നല്കി. സ്കൂള്‍ ലൈബ്രറിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, ലൈബ്രേറിയന്മാരായ ജിന്‍സ് മാത്യു, ഗേളി ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞിരപ്പള്ളി: എകെജെഎം സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രേസി മെമ്മോറിയൽ സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ലെറ്റി സി. തോമസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി. തടം എസ്ജെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് തച്ചിൽ എസ്ജെ എന്നിവർ വായനദിന സന്ദേശങ്ങൾ നൽകി. വിവിധ ദിനപത്രങ്ങൾ, മാസികകൾ മുതലായവ വായിക്കാനുള്ള അവസരം ലഭ്യമാക്കി കുട്ടികൾക്കുവേണ്ടി റീഡിംഗ് കോർണറും പുസ്തക പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി: ഇൻഫന്റ് ജീസസ് സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക ഫിലോമിന ഫിലിപ്പ് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സിഎംസി അധ്യക്ഷത വഹിച്ചു.