വായനദിനത്തിൽ പഞ്ചായത്ത് ലൈബ്രറിക്ക് ശാപമോക്ഷം
1430433
Thursday, June 20, 2024 6:49 AM IST
കൂരോപ്പട: പത്തുവർഷമായി അടഞ്ഞുകിടന്ന പഞ്ചായത്ത് ലൈബ്രറിക്ക് ഒടുവിൽ വായനദിനത്തിൽ ശാപമോക്ഷം. ആയിരക്കണക്കിന് രൂപയുടെ പുസ്തകശേഖരമുള്ള ലൈബ്രറിയാണ് അടഞ്ഞുകിടന്നിരുന്നത്.
10 വർഷം മുന്പുള്ള ഓഡിറ്റ് പരാമർശത്തിന്റെ പേരിൽ ലൈബ്രറി അടഞ്ഞുകിടക്കുന്ന പ്രശ്നം കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതിയിൽ പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ഉൾപ്പെടെയുള്ള 17 അംഗങ്ങൾ ഏകകണ്ഠമായി ലൈബ്രറി തുറക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു.
വായനദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന അലമാര തുറന്ന് പത്തുവർഷത്തിന് ശേഷം ആദ്യമായി പുസ്തകം പുറത്തെടുത്തു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് സജിക്ക് കേരള ചരിത്രം എന്ന പുസ്തകം കൈമാറി പ്രസിഡന്റ് പുസ്തക വിതരണത്തിന്റെയും വായനദിനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, ആശാ ബിനു, സോജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് അടുത്തദിവസം മുതൽ പുസ്തക വിതരണം ആരംഭിക്കും.