വീടിന്റെ മേൽക്കൂര തകർന്നുവീണു; കുടുംബനാഥന് പരിക്ക്
1430435
Thursday, June 20, 2024 6:49 AM IST
അയ്മനം: അയ്മനം പതിനേഴാം വാർഡ് വട്ടുകളം ലക്ഷം വീട്ടിൽ അനിൽ പിള്ളയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു. അനിൽ പിള്ള, ഭാര്യ വനജ, മകൾ പരാശക്തി (6) എന്നിവർ താമസിച്ചിരുന്ന വീടിന്റെ മേൽക്കൂരയാണ് ഇന്നലെ വൈകുന്നേരം തകർന്ന് വീണത്.
ഇന്നലെ പകൽ പെയ്ത കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂരയിൽ വെള്ളം ഇറങ്ങിയതിനെത്തുടർന്ന് കൂട്ട് തകർന്നതാണ് മേൽക്കൂര ഇടിഞ്ഞുവീഴാൻ കാരണം.
കട്ടിലിൽ ഇരിക്കുകയായിരുന്ന മകൾ പരാശക്തിയെ ശബ്ദം കേട്ട ഉടൻ അച്ഛൻ തള്ളി മാറ്റിയതിനാൽ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മേൽക്കൂര തകർന്ന് അനിലിന്റെ ശരീരത്തിൽ വീണതിനാൽ വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ പിള്ളയും ഭാര്യ വനജയും രോഗികളാണ്.
മഴക്കാലമായതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമായി എവിടെ താമസിക്കുമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഈ നിർധന കുടുംബം.