കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ഓടയ്ക്കു മൂടിയില്ല, റോഡുകളിൽ അപകടം പതിയിരിക്കുന്നു
1430448
Thursday, June 20, 2024 9:27 PM IST
കാഞ്ഞിരപ്പള്ളി: മൂടിയില്ലാ ഓടകള്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നു പരാതി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് ഗവൺമെന്റ് സ്കൂളിനോടു ചേര്‍ന്നുള്ള ഭാഗത്തെ ഓടകൾക്കാണ് മൂടിയില്ലാത്തത്. സ്കൂളിനോട് ചേര്‍ന്നുള്ള കോഴിയാനി ഭാഗത്തേക്കു തിരിയുന്ന റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ ഓടയ്ക്കും മൂടിയില്ല.
വഴിയാത്രക്കാര്‍ക്ക് ഒതുങ്ങി നില്ക്കുന്നതിനു സൗകര്യമില്ലാതെ റോഡിനോടു ചേര്‍ന്നാണു മേല്‍മൂടിയില്ലാതെ ഓടയുള്ളത്. കാല്‍നട യാത്രക്കാരുടെ കാലൊന്നു തെറ്റിയാല്‍ ഓടയിലേക്കു വീഴുന്ന സ്ഥിതിയാണ് നിലവിൽ. ഇരുചക്ര, കാല്‍നടയാത്രക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ അപകടഭീഷണിയായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ അരിക് ചേര്‍ക്കേണ്ട സ്ഥിതിയുണ്ടായാല്‍ വലിയ അപകടങ്ങള്‍ക്കു കാരണമാകുമെന്നു പ്രദേശവാസികള്‍ പറയുന്നു. മൂടിയില്ലാ ഓടകളിൽ മലിനജലം കെട്ടിക്കിടന്നു സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ഇടയാക്കുന്നു.
മാലിന്യങ്ങള്‍ അഴുകി ഇവിടെനിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ട്. നിരവധി വിദ്യാര്‍ഥികളും പ്രഭാത സവാരിക്കാരും ഉപയോഗിക്കുന്ന റോഡില്‍ അപകടരഹിത യാത്രയൊരുക്കുന്നതിന് ഓടകൾക്കു മുകളിലൂടെ സ്ലാബ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.