റോഡ് നിർമാണത്തിലെ അപാകത: സൂചനാസമരം നടത്തി
1430451
Thursday, June 20, 2024 10:03 PM IST
കൊക്കയാർ: മുപ്പത്തഞ്ചാംമൈൽ-നാരകംപുഴ റോഡിന്റെ ഒന്നാംഘട്ട നിർമാണത്തിലുണ്ടായ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂചനാസമരം സംഘടിപ്പിച്ചു.
എസ്റ്റിമേറ്റിൽ ഏതാണ്ട് 25ഓളം കലുങ്കുകൾ ഉള്ളതിൽ മൂന്ന് കലുങ്കുകൾ മാത്രമാണ് മുഴുവനായി നിർമിച്ചത്. കുറച്ച് കലുങ്കുകൾ വീതി കൂട്ടുക മാത്രമാണ് ചെയ്തത്. ടാറിംഗിന് മുമ്പായി ഓട നിർമിക്കേണ്ട പല ഭാഗത്തും പാറകൾ പൊട്ടിച്ചു മാറ്റിയിട്ടില്ല. ഒന്നാംഘട്ട ടാറിംഗ് ഇളകി പോകുവാൻ കാരണം മിശ്രിതത്തിൽ ടാറിന്റെ കുറവാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
സൂചനാസമരം സണ്ണി തുരുത്തിപ്പള്ളി ഉദ്ഘാടനം ചെയ്തു. സണ്ണി തട്ടുങ്കൽ, ഓലിക്കൽ സുരേഷ്, സ്വർണലത അപ്പുക്കുട്ടൻ, മാത്യു കമ്പിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.