വായനദിനാചരണം
1430452
Thursday, June 20, 2024 10:03 PM IST
കാഞ്ഞിരമറ്റം: വായനദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പത്രപ്രദർശനം നടത്തി. നൂറു വർഷം വരെ പഴക്കമുള്ള വർത്തമാനപത്രങ്ങളുടെ പ്രദർശനമാണ് സ്കൂളിൽ നടത്തിയത്. കൂട്ടിക്കൽ വില്ലേജ് ഓഫീസർ ആയിരുന്ന എ.എസ്. മുഹമ്മദാണ് കുട്ടികൾക്കായി പത്രപ്രദർശനം അവതരിപ്പിച്ചത്. രാഷ്ട്രീയനേതാക്കൾ അടക്കമുള്ളവരുടെ സ്ഥാനലബ്ധി, മരണം, ലോകചരിത്രത്തിലെ വിപ്ലവകരമായ സംഭവങ്ങൾ, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ ഇവ ക്രോഡീകരിക്കപ്പെട്ട പത്രശേഖരത്തിലുണ്ട്. ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ഡൈനോ ജയിംസ് ഇഞ്ചിക്കാലയിൽ എന്നിവർ പ്രദർശനത്തിനു നേതൃത്വം നൽകി.
വാഴൂർ: ചെങ്കൽ ആശാനിലയം സ്പെഷൽ സ്കൂളിൽ വായനദിനാഘോഷം നടത്തി. ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും വായന എന്ന ആശയത്തിന് മുൻഗണന നൽകിയാണ് പരിപാടി നടത്തിയത്. ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എന്നിവർ സന്ദേശം നൽകി.
മുക്കൂട്ടുതറ: വായനദിനത്തോടനുബന്ധിച്ച് കൊല്ലമുള യുപിഎസ് വിദ്യാർഥികൾ മുക്കൂട്ടുതറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ബാലവിഭാഗം പുസ്തകശേഖരം കുട്ടികളെ പരിചയപ്പെടുത്തുകയും സ്കൂൾ വഴി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ മാർട്ടിന്, എം.സി. മാത്യു, എൻ.എ. തോമസ്, പി.സി. ഉലഹന്നാൻ, ജോയി ജോസഫ്, ഡോ. ടി.എൽ. മാത്യു, രവികുമാർ, ജോസഫ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.