അമനകരയില്‍ ഒറ്റ രാത്രിയില്‍ 20 സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷണം പോയി
1430454
Thursday, June 20, 2024 10:03 PM IST
രാമപുരം: രാമപുരത്തും പരിസര പ്രദേശങ്ങളിലും സോളാര്‍ വഴിവിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോകുന്നതു പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പലയിടത്തുനിന്നായി 20 സോളാര്‍ ലൈറ്റുകളുടെ ബാറ്ററികളാണ് മോഷണം പോയത്. അമനകര വാര്‍ഡില്‍ - 11, ചേറ്റുകളം വാര്‍ഡില്‍ - അഞ്ച്, മേതിരി വാര്‍ഡില്‍ - നാല് എന്നിങ്ങനെയാണ് ഒറ്റരാത്രിയിൽ ബാറ്ററികൾ മോഷണം പോയത്.
ഏതാനും നാളുകള്ക്കുമുന്പ് മേതിരി, പാലച്ചുവട് എന്നിവിടങ്ങളിലെ സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചിരുന്നു. അന്ന് സിസിടിവി കാമറ പരിശോധിച്ചു പ്രതികളെ പിടികൂടിയിരുന്നു. നാളുകള്‍ക്കു ശേഷം വീണ്ടും വഴിവിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോകുന്നതു നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒറ്റ രാത്രികൊണ്ട് ഇത്രയും ബാറ്ററികള്‍ മോഷണം പോയതിലെ ഞെട്ടലിലാണ് നാട്ടുകാർ.
ഓരോ സോളാര്‍ ലൈറ്റിനും ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് പഞ്ചായത്ത് വാര്‍ഡുകളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നത്. നാലമ്പല റോഡിലെ ലൈറ്റുകളിലെ ബാറ്ററികളാണ് കൂടുതലായും മോഷണം പോയത്. പ്രതികളെ പിടികൂടുവാന്‍ സാധിക്കാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ഇതു സംബന്ധിച്ചു രാമപുരം പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്കി.