നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
1430490
Thursday, June 20, 2024 11:08 PM IST
കുമരകം: കുമരകത്ത് വന്‍ കഞ്ചാവ് വേട്ട. നാലുകിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം തിരുവാതുക്കല്‍ വേളൂര്‍ സ്വദേശി റഹ്മത്ത് മന്‍സില്‍ സലാഹുദ്ദീന് ( 29 ), പാലക്കാട് ആലത്തൂര്‍ ഉളികുത്താംപാടം സ്വദേശി പകുതിപറമ്പില് ഷാനവാസ് (18) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇന്റലിജന്‍സ് ടീമും എക്സൈസ് സ്പെഷല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഒറീസയില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചശേഷം പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കുമരകത്ത് കായല്‍ തീരത്തുള്ള സ്വകാര്യ ആഡംബര റിസോര്‍ട്ടില്‍ താമസിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്.
സലാഹുദീന്‍ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. റെയ്ഡില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീരാജ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടോജോ ടി. ഞള്ളിയില്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത്ത് നന്ത്യാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.