മെഡി. കോളജ് കോമ്പൗണ്ടില്‍ ചത്ത തെരുവുനായയ്ക്കു പേവിഷബാധ
1430492
Thursday, June 20, 2024 11:08 PM IST
ഗാന്ധിനഗര്‍: തെരുവുനായ്ക്കള്‍ വിളയാടിയ മെഡിക്കല്‍ കോളജ് ആശുപത്രി കോമ്പൗണ്ടില്‍ ചത്ത തെരുവുനായയ്ക്കു പേവിഷബാധയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ആശുപത്രി കോമ്പൗണ്ടില്‍ ചത്തുകിടന്ന തെരുവുനായയെ തിരുവല്ലയിലുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ക്ക് കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റിരുന്നു. പേ വിഷബാധയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ആശുപത്രി കോമ്പൗണ്ടിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, വാര്‍ഡ് അംഗം അരുണ്‍ ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി വാക്സിന് നല്കി ത്തുടങ്ങി.
ഇന്നലെ 32 നായ്ക്കള്‍ക്ക് വാക്സിന് നല്‍കുകയും സംശയം തോന്നിയ മൂന്ന് നായ്ക്കളെ കോമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന കൂട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. പേവിഷബാധയേറ്റ് ചത്ത നായ്ക്കളുടെ രണ്ടു കുട്ടികളെക്കൂടി കണ്ടെത്താനുണ്ട്.
പ്രദേശത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി കൂട്ടിലടയ്ക്കുമെന്നാണ് ആര്‍പ്പൂക്കര പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പിടികൂടി കൂടുകളിലാക്കിയ നായ്ക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കും. ഇവയ്ക്ക് വാക്സിനേഷനും നല്‍കും. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണു മെഡിക്കല്‍ കോളജ് ജീവനക്കാരടക്കം ഏഴു പേരെ നായ്ക്കള്‍ കടിച്ചത്.
ഒരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയതാണ് കടിയേറ്റവര്‍ക്കും പഞ്ചായത്ത് അധികൃര്ക്കും ആശങ്ക ഉണ്ടാകുവാന്‍ കാരണം. നായയുടെ കടിയേറ്റ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരുമുള്‍പ്പെടെ ഏഴോളം പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഭക്ഷണാവശിഷ്ടം തേടിയാണ് തെരുവുനായകള്‍ കൂട്ടത്തോടെ ഇവിടെ എത്തുന്നത്. ഇവ അക്രമാസക്തരാകുന്നതും പതിവാണ്. ആറു മാസം മുമ്പ് നിരവധി പേരെ നായ്ക്കള്‍ കടിച്ചപ്പോള്‍ 102 നായ്ക്കളെ പിടികൂടിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.