ശനിയാഴ്ച ക്ലാസ് അശാസ്ത്രീയമെന്ന് അധ്യാപക സംഘടന
1430493
Thursday, June 20, 2024 11:08 PM IST
കോട്ടയം: വിദ്യാഭ്യാസ കലണ്ടര്‍പ്രകാരം ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 220 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന നിര്‍ദേശത്തില്‍ പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് (പിജിടിഎ) പ്രതിഷേധിച്ചു. രണ്ടാം ശനി ഒഴികെ ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 800 പ്രവൃത്തി മണിക്കൂറും ആറുമുതല്‍ എട്ടുവരെ ആയിരം മണിക്കൂറും ഒന്പതുമുതല് 12 വരെ 1200 മണിക്കൂറുമായിട്ടാണ് പ്രവൃത്തിസമയം ക്രമീകരിച്ചിരിക്കുന്നത്.
ഇതനുസരിച്ച് എല്‍പിയില്‍ 160 ദിവസവും എട്ടാം ക്ലാസുവരെ 200 ദിവസവും പ്രവർത്തിച്ചാല്‍ മതിയാകും. മിക്ക സ്കൂളുകളിലും ഒന്‍പത്, 10 ക്ലാസുകള്‍ക്ക് രാവിലെയും വൈകുന്നേരവും സ്പെഷല്‍ ക്ലാസുകളും നടത്താറുണ്ട്. അതേസമയം ഹയര്‍സെക്കന്‍ഡറിയില്‍ പഠനം രാവിലെ ഒന്‍പതു മുതല്‍ നാലേമുക്കാല്‍ വരെയാക്കി ശനിയാഴ്ച ക്ലാസുകള്‍ ഒഴിവാക്കി. സമാനമായി ഹൈസ്കൂളുകളിലും രാവിലെയും വൈകുന്നേരവും അധ്യാപകര്‍ എടുക്കുന്ന അധിക സമയംകൂടി പരിഗണിക്കണം.