മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് : "ഉമ്മൻ ചാണ്ടി സ്നേഹസ്പർശം' സൗജന്യ മെഡിക്കല്‍ ക്യാന്പ് തുടങ്ങുന്നു
1430644
Friday, June 21, 2024 6:52 AM IST
പുതുപ്പള്ളി: ജനങ്ങള്‍ക്കിടയിലില്ലാതെ ജനഹൃദയത്തില്‍ മാത്രമായി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മാറിയിട്ട് ഒരുവര്‍ഷം തികയുന്ന വേളയില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്നേഹസ്മരണയൊരുക്കി മന്ന ചാരിറ്റബിള്‍ ട്രസ്റ്റ്. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് മന്നാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍നിന്നും തെളിയിച്ച ദീപശിഖ ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കന്‍, പാലാ ശ്രീരാമ കൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ, ഉമ്മന്‍ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിള്ളിക്ക് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നടത്തി.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനത്തോട് അനുബന്ധിച്ച് ജൂലൈ 14ന് ആദ്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് ഇടുക്കി ജില്ലയിലെ ഉമ്മന്‍ ചാണ്ടി നഗറിലായിരിക്കും ആദ്യ മെഡിക്കല്‍ ക്യാമ്പ്. ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, പുതുപ്പളളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ്, മറിയം ഉമ്മന്‍, റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.