മുട്ടുചിറയ്ക്ക് അഭിമാനമായി അല്‍ഫോന്‍സാ സ്നേഹതീരം
1430651
Friday, June 21, 2024 6:52 AM IST
കടുത്തുരുത്തി: മുട്ടുചിറയ്ക്ക് അഭിമാനമായി മുട്ടുചിറ അല്‍ഫോന്‍സാ സ്നേഹതീരം.ഒരു സംഘം അല്മായരുടെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന മുട്ടുചിറ അല്‍ഫോന്‍സാ സ്നേഹതീരത്തിന്റേത് ട്രസ്റ്റിന്റെ പേര് അന്വര്‍ഥമാക്കിയുള്ള പ്രവര്‍ത്തനം.
മുട്ടുചിറ റൂഹാദ് കുദിശ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകരാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് സെന്റ് വിന്‍സെന്റ് ഡി പോള്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ പ്രസിഡന്റ് അല്‍ഫോന്‍സാ സ്നേഹതീരത്തില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
സ്നേഹതീരത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കണ്ടും കേട്ടും മനസിലാക്കിയ അദ്ദേഹം ഇതിനു നേതൃത്വം നല്‍കുന്നവരെ അഭിനന്ദിച്ചും ഇവരോടു നന്ദി പറഞ്ഞുമാണ് മടങ്ങിയത്. നാഷണല്‍ പ്രസിഡന്റ് എസ്. ജൂഡ് സെഡ്.ആര്. മംഗള്രാജാണ് സ്നേഹതീരം ഭവനത്തിലെത്തിയത്.
2005ല്‍ സ്വന്തം സ്ഥലത്ത് മുട്ടുചിറ സ്വദേശിയായ കൊല്ലപ്പള്ളില്‍ ജോര്‍ജ് ജോസഫാണ് അല്‍ഫോന്‍സാ സ്നേഹതീരത്തിന് തുടക്കംകുറിക്കുന്നത്. 11 അംഗ ഭരണസമിതിയാണ് സ്നേഹതീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. തുടക്കത്തില്‍ ഭരണസമിതിയുടെ പ്രസിഡന്റായി പി.ജെ. ജോസഫ് പണ്ടാരകാപ്പിലും സെക്രട്ടറിയായി ജോര്‍ജ് കൊല്ലപ്പള്ളിയുമാണ് ചുമതലയേറ്റത്.
വക്കച്ചന് ചേട്ടനെന്ന് ഏവരും സ്നേഹത്തോടെ വിളിച്ചിരുന്ന ജോര്‍ജ് കൊല്ലപ്പള്ളി പിന്നീട് മരിച്ചു. നിസ്വാര്‍ഥ സേവനത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനായ ജോസഫ് പണ്ടാരക്കാപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. സ്നേഹതീരം പ്രവര്‍ത്തിക്കുന്ന പത്ത് സെന്റ് സ്ഥലം ജോര്‍ജ് കൊല്ലപ്പള്ളി ട്രസ്റ്റിനായി കൈമാറിയിരുന്നു.
പിന്നീട് 2016ല്‍ ആണ് നൂറുകണക്കിന് കിഡ്നി രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താങ്ങായി മാറിയ അല്‍ഫോന്‍സാ സ്നേഹതീരം കിഡ്നി റിലീഫ് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കുന്നത്. 19 വര്‍ഷമായി മുട്ടുചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സാ സ്നേഹതീരം നാളിതുവരെയായി 175 ഓളം കിഡ്നി രോഗികള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നു ഭാരവാഹികള്‍ പറയുന്നു.
65 രോഗികള്‍ക്കായി പ്രതിമാസം 2.40 ലക്ഷം രൂപയോളം ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ പരിപാലിക്കുന്ന ഓള്‍ഡേജ് ഹോമും പ്രവര്‍ത്തിക്കുന്നുണ്ട്. ഓള്‍ഡേജ് ഹോമിലെ അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവയുടെ ചെലവും ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഇവിടെയിപ്പോള്‍ ഏഴ് വയോധികരെ സംരക്ഷിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസം ഏതാണ്ട് അരലക്ഷത്തോളം രൂപ വേറെയും കണ്ടെത്തണം. സുമനസുകളുടെ സഹായമാണ് ട്രസ്റ്റിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായത്.
കൂടാതെ ട്രസ്റ്റിന്റെ ഭരണസമിതിയംഗങ്ങള്‍ ഏതാണ്ട് പതിനായിരത്തോളം രൂപ പ്രതിമാസം പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് പി.ജെ. ജോസഫ് പണ്ടാരക്കാപ്പില്‍ പറഞ്ഞു. ഇക്കാലത്തിനിടയ്ക്ക് ഒരു മാസം പോലും മുടക്കമില്ലാതെ സാമ്പത്തിക സഹായം വിതരണം ചെയ്യാന്‍ ട്രസ്റ്റിന് കഴിഞ്ഞു.
കടുത്തുരുത്തി, ഞീഴൂര്‍, മാഞ്ഞൂര്‍, മുളക്കുളം പ്രദേശങ്ങളില്‍നിന്നുള്ള കിഡ്നി രോഗികള്‍ക്കാണ് കൂടുതലായും ട്രസ്റ്റിന്റെ സാമ്പത്തിക സഹായം ലഭിച്ചുവരുന്നത്. തനിച്ചു താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഒരുമിച്ചു കൂടുന്നതിനും വിനോദത്തിനുമായി പകല്‍വീട് എന്ന പേരിലും സ്നേഹതീരത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വീടുകളില്‍ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കായി പാലിയേറ്റീവ് കെയര്‍ ഉപകണങ്ങളുടെ വിതരണവും 2023 മുതല്‍ അല്‍ഫോന്‍സാ സ്നേഹതീരം ചെയ്തു വരുന്നു. പ്രതിഫലേച്ഛയില്ലാതെ ട്രസ്റ്റിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി നടത്തിവരുന്ന ശ്രമങ്ങളാണ് ഇത്രയും കാലത്തിനിടെ നൂറുകണക്കിനു രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായമൊരുക്കിയത്.
രക്ഷാധികാരി ഫാ. വര്‍ഗീസ് നടയ്ക്കല്‍, പ്രസിഡന്റ് പി.ജെ. ജോസഫ് പണ്ടാരക്കാപ്പില്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ. തോമസ് കടപ്പൂരാന്‍, വൈസ് പ്രസിഡന്റ് ബിനോയി അഗസ്റ്റിന് കരിക്കാട്ടില്‍, ട്രഷറര്‍ ആന്റണി ജോര്‍ജ് കുഞ്ഞാപ്പറമ്പില്‍, സണ്ണി എമ്മാനുവല്‍, ജോസ് ജെ. കുഴിവേലില്‍, ബിജി പുരയ്ക്കല്‍, രാജു ലൂക്കോസ് അരൂകുഴുപ്പില്‍, ജോണിക്കുട്ടി മാത്യു മാഞ്ചിറയില്‍, ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം നടക്കുന്നത്.