എയിംസ്: വെള്ളൂരില്‍ ദീപംതെളിക്കലും മൗനപ്രാര്‍ഥനയും
1430653
Friday, June 21, 2024 6:52 AM IST
പെരുവ: കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് വെള്ളൂരില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ദീപം തെളിക്കലും മൗനപ്രാര്‍ഥനയും നടന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എയിംസ് ഇവിടെ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും അതിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയുമാണ് ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ കെപിപിഎല്ലിന് സമീപം പോലീസ് സ്റ്റേഷന് ജംഗ്ഷനില്‍ ദീപം തെളിയിച്ചത്.
മധ്യകേരളത്തിലെ വെള്ളൂര്‍ സംസ്ഥാനമൊട്ടാകെയുള്ള ആളുകള്‍ക്ക് എത്തിച്ചേരാവുന്ന വിധത്തില്‍ റോഡ്, റെയില്‍, ജല, വ്യോമ ഗതാഗത മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ്. അടിസ്ഥാന സൗകര്യങ്ങളായ ജലവിതരണത്തിനും വൈദ്യുതി ലഭ്യതയ്ക്കും അനുയോജ്യമായ സ്ഥലം കൂടിയാണ് വെള്ളൂര്‍.
എയിംസ് വെള്ളൂരില്‍ ആരംഭിക്കാനായാല്‍ വൈക്കം, കടുത്തുരുത്തി, പിറവം നിയോജക മണ്ഡലങ്ങളുടെ വികസനത്തിനും ഗുണം ചെയ്യും. കെപിപിഎല്ലിലെ സ്ഥലം ഉപയോഗപ്പെടുത്തിയാല്‍ എയിംസിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒഴിവാക്കി സാമ്പത്തിക ബാധ്യതയില്ലാതെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനാകുമെന്നും ജനകീയ ജാഗ്രതാ സമിതിയംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ദീപക്കാഴ്ചയും മൗനപ്രാര്‍ഥനയും മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ ദീപം തെളിയിച്ച് കെ.പി. ജോസഫിന് കൈമാറി ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തില്‍, ഫാ. ജോയി ആനക്കുഴി, സമിതി കോഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല,
റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റുമാരായ റോബര്‍ട്ട് തോട്ടുപുറം, ടി.എ. ജയകുമാര്‍, എസ്എന്‍ഡിപി കാരിക്കോട് ശാഖ പ്രസിഡന്റ് എ. പുഷ്കരന് അരീക്കരയില്‍, സെക്രട്ടറി കെ.കെ. മോഹനന്, എന്‍എസ്എസ് കാരിക്കോട് കരയോഗം പ്രസിഡന്റ് ഡോ. ശിവദാസ്, തോമസ് മുറംതുക്കില് തുടങ്ങിയവര്‍ പങ്കെടുത്തു.