യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
1430655
Friday, June 21, 2024 7:01 AM IST
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി പുത്തൻതറയിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം കുറശേരിൽ അർജുൻ (23), വെച്ചൂർ ഇടയാഴം മുച്ചൂർകാവ് അനുഷാഭവനിൽ അനൂപ് (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 9.30ഓടെ വെച്ചൂരിൽ പ്രവർത്തിക്കുന്ന ബാറിന്റെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് വാങ്ങിയശേഷം യുവാവിനെയും സുഹൃത്തുക്കളെയും ചീത്ത വിളിക്കുകയായിരുന്നു. യുവാവ് ഇതു ചോദ്യം ചെയ്തപ്പോൾ ഇവർ സംഘംചേർന്ന് യുവാവിനെ മർദിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
ഇതുകണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ മർദിച്ചു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടർന്ന് വൈക്കം പോലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്ഐ പ്രദീപ്, അനിൽകുമാർ, ജോർജ്, സിപിഒ വിജയശങ്കർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അർജുനെതിരേ വൈക്കം സ്റ്റേഷനിൽ ക്രിമിനൽക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.