അറിവിന്റെ ജാലകം തുറന്ന്: ദീപിക-ലക്ഷ്യ കരിയര്‍ ഗൈഡന്‍സ് സെമിനാറും അവാര്‍ഡ് ദാനവും
1430656
Friday, June 21, 2024 7:01 AM IST
ചങ്ങനാശേരി: ദീപികയും ലക്ഷ്യയും ചേര്‍ന്ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറും അവാര്‍ഡ്ദാനവും വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ പുത്തന്വാതായനങ്ങള് തുറന്നു.
പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം നിരന്തരമായ അന്വേഷണ പ്രക്രിയയാണെന്നും ഇന്നത്തെ വിജയങ്ങളെ ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ജനറല്‍മാനേജര്‍ മാര്‍ക്കറ്റിംഗ് കെ.സി. തോമസ് അധ്യക്ഷത വഹിച്ചു. ക്രിസ്തുജ്യോതി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി ഇലവുങ്കല്‍ സിഎംഐ, ദീപിക അസിസ്റ്റന്റ് ജനറല്‍മാനേജര്‍ (മാര്‍ക്കറ്റിംഗ്)മാരായ മാത്യു കൊല്ലമലക്കരോട്ട്, ജോസഫ് ജോസഫ്, ഡിഎഫ്സി സംസ്ഥാന ജനറല്‍സെക്രട്ടറി ആന്റണി മലയില്‍, ഡിഎഫ്സി സംസ്ഥാന ഉപദേശകസമിതിയംഗം ജോണിക്കുട്ടി സ്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്ലസ്ടു വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറുശതമാനം വിജയംനേടിയ സ്കൂളുകളെയും മികച്ച കൊമേഴ്സ് അധ്യാപകരേയും എഴുപത് ശതമാനം മാര്‍ക്കോടെ കൊമേഴ്സില്‍ വിജയംനേടിയ വിദ്യാര്‍ഥികളെയും അവാര്‍ഡുകള്‍ നല്കി ആദരിച്ചു. ലക്ഷ്യ കരിയര്‍ ഗൈഡന്‍സ് വിഭാഗം പ്രതിനിധി അവിനാശ് കുളൂര്‍ സെമിനാര്‍ നയിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര് പങ്കെടുത്തു.