നാച്വറല്‍ ഇക്കോളജി അവാര്‍ഡ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക്
1430666
Friday, June 21, 2024 10:01 PM IST
പാലാ: ജൈവകൃഷിരീതിയും ശാസ്ത്രീയ മാലിന്യസംസ്കരണ മാതൃകയും സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സോഷ്യല്‍ സര്‍വീസ് ഫോറം സമ്മാനിക്കുന്ന ഫാ. ഏബ്രഹാം മുത്തോലത്ത് സ്മാരക നാച്വറല്‍ ഇക്കോളജി അവാര്‍ഡിന് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അര്‍ഹമായി. കേരളത്തിലെ 32 രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളില്‍ ഒന്നാമതെത്തിയാണ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്.
കോട്ടയം അടിച്ചിറ ആമോസ് സെന്ററില്‍ നടന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസി. ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍ എന്നിവര്‍ സംയുക്തമായി കേരള കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സ് ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്‍മാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ ജോസ് പുളിക്കനില്നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 25,000 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
ജെപിഡി കമ്മീഷന് വൈസ് ചെയര്‍മാനും തിരുവല്ല രൂപതാധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോളി പുത്തന്‍പുര, അസോസിയേറ്റഡ് ഡ യറക്ടര്‍ ഫാ. ആന്റണി ഫെര്‍ണാണ്ടസ്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിആർഎസ് പ്രോജക്ട് ഓഫീസര്‍ റെറ്റി ജോര്‍ജ്, ലീഡര്‍ ടോണി സണ്ണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.