ഇടവേളയ്ക്കുശേഷം കള്ളന്മാരുടെ കോട്ടയായി കോട്ടയം
1430859
Saturday, June 22, 2024 6:48 AM IST
കോട്ടയം: നഗരത്തിലും പരിസരപ്രദേശങ്ങളും മോഷ്ടാക്കള്‍ വിലസുകയാണ്. കഴിഞ്ഞ ഏതാനും നാളുകളായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ചു പണം മോഷ്ടിച്ചു. മാര്‍ക്കറ്റിനുള്ളിലെ കടകളിലും മോഷണമുണ്ടായി, മുട്ടമ്പലം കേന്ദ്രീകരിച്ചു വീടുകളില്‍ മോഷണവും മോഷണശ്രമങ്ങളും പതിവായിരിക്കുകയാണ്.
എംസി റോഡിലെ പള്ളം മേഖലയിലെ വീടുകളില്‍ മോഷണവും മോഷണ ശ്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. അടിക്കടി മോഷണങ്ങള്‍ വര്‍ധിക്കുമ്പോഴും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പരാതികള്‍ പറയുന്നവരോട് എല്ലാം പോലീസിനു ഒന്നു മാത്രം, മോഷ്ടാക്കള്‍ ഉടന്‍ വലയിലാകും.
കഴിഞ്ഞ രണ്ട് രാത്രികളിലായി കോട്ടയത്ത് നടന്നത് ആറില്‍പ്പരം മോഷണങ്ങളാണ്. പള്ളം, കോട്ടയം മേഖലകളിലാണു മോഷണം കൂടുതലും നടന്നത്. പള്ളം ഭാഗത്ത് എംസി റോഡിന് ഇരുവശമുള്ള പല വീടുകളിലും നിരന്തരം മോഷണം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മാസങ്ങള്‍ക്കു മുമ്പും ഇവിടത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിനുള്ളിലും അതിനു മുന്‍പുള്ള ആഴ്ചകളില്‍ സമീപത്തെ പല വീടുകളിലും കള്ളന് കയറി. പോലീസ് അന്നു സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടിച്ചിട്ടില്ല. ഈ ഭാഗത്തെ മിക്ക വീടുകളിലും പ്രായമായവര്‍ മാത്രമാണു താമസിക്കുന്നത്. ചിലവീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുമാണ്.
മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ ആകെ ഭീതിയിലാണ്. പലരും സന്ധ്യ കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാറില്ല. പല വീട്ടുകാരും വീടിനു പുറത്തെ മുഴുവന്‍ ലൈറ്റുകളും രാത്രി മുഴുവന്‍ തെളിച്ചിടുക പതിവാണ്.
കഴിഞ്ഞ ദിവസം മുട്ടബലം കൊപ്രത്ത് ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലും നിര്‍മാണത്തില്‍ ഇരുന്ന വീട്ടിലും കടയിലുമാണു അവസാനമായി മോഷണം നടന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്.
ക്ഷേത്രത്തിലെ ഓഫീസിനുള്ളില്‍ കടന്ന മോഷ്ടാവ് ഓഫീസിലെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയാണു കവര്‍ന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തകര്‍ത്തെങ്കിലും പണം നഷ്ടമായിട്ടില്ല. മുട്ടമ്പലം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് കടയില്‍ കയറിയ മോഷ്ടാവ് ഇവിടെനിന്നും ജ്യൂസ് അടക്കമുള്ള സാധനങ്ങള്‍ കവര്‍ന്നു.
ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ രണ്ടുപേര്‍ ചേര്‍ന്നു ഷട്ടര്‍ തകര്‍ക്കുന്നതും നിരീക്ഷണ കാമറയില്‍നിന്നു വ്യക്തമാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ട ുണ്ട്. അടിക്കടി മോഷണങ്ങളും മോഷണശ്രമങ്ങളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.