രണ്ടര പതിറ്റാണ്ടിനു ശേഷവും പൊടിപാറയ്ക്ക് സ്മാരകമില്ല
1430863
Saturday, June 22, 2024 6:48 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ എംഎൽഎ ജോർജ് ജോസഫ് പൊടിപാറയ്ക്ക് ഉചിതമായ സ്മാരകമില്ല. ഇന്ന് 25-ാം ചരമ വാർഷികമാചരിക്കുമ്പോൾ അദ്ദേഹത്തിന് സ്മാരകമെന്ന ആവശ്യം വീണ്ടും സജീവമാകുകയാണ്.
1957-64 കാലഘട്ടത്തില്‍ ജോർജ് ജോസഫ് പൊടിപാറ ഏറ്റുമാനൂര്‍ നിയോജകണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറ്റിയ വികസനമാണുണ്ടായത്. പ്രധാന നേട്ടം കോട്ടയം ഗവ. മെഡിക്കൽ കോളജ് ആർപ്പൂക്കരയിൽ സ്ഥാപിച്ചതാണ്. ഇതു കൂടാതെ മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ്,
മാന്നാനം കെഇ കോളജ്, അമലഗിരി ബികെ കോളജ്, കരീമഠം സ്കൂള്‍, മണിയാപറമ്പ് എസ്എൻഡിപി എൽപി സ്കൂള്‍, കുടയംപടി എസ്എൻഡിപി എൽപി സ്കൂൾ, ഏറ്റുമാനൂർ ഗവ. ഐടിഐ, ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവയും ഇക്കാലഘട്ടത്തിൽ സ്ഥാപിതമായതാണ്.
ചേര്‍ത്തല, വൈക്കം, തണ്ണീര്‍മുക്കം, കുമരകം പ്രദേശങ്ങളെ കോട്ടയം മെഡിക്കല്‍ കോളജുമായി ബന്ധിപ്പിക്കുന്ന ചീപ്പുങ്കല്‍ - മണിയാപറമ്പ് - മെഡിക്കല്‍ കോളജ് റോഡ് പൊടിപാറയുടെ സ്വപ്നത്തില്‍ വിരിഞ്ഞ വികസന പാതയാണ്.
2021ഓഗസ്റ്റ് മാസം ഏറ്റുമാനൂരിൽ വി.എ. ജോർജ് വെച്ചൂക്കാലായിലിന്റെ ഭവനത്തിൽ മന്ത്രി വി.എൻ. വാസവൻ പങ്കെടുത്ത യോഗത്തിൽ കോട്ടയം മെഡിക്കൽ കോളജിന്റെ മുൻ വശത്തുള്ള റൗണ്ടാനയും ഐലന്റുകളും സൗന്ദര്യവത്കരിച്ച് ജോർജ് ജോസഫ് പൊടിപാറ റൗണ്ട് എന്നു നാമകരണം ചെയ്യണമെന്ന ധാരണയിൽ എത്തിയിരുന്നു. ഇതു സംബന്ധിച്ച് മെഡിക്കൽ കോളജ് പ്രദേശം ഉൾപ്പെടുന്ന അർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളും കോട്ടയം നഗരസഭയും ഏകകണ്ഠമായി പ്രമേയം പാസാക്കി നിലവിലുള്ള സംസ്ഥാന സർക്കാരിനും പൊതുമരാമത്തു മന്ത്രിക്കും നൽകി.
പൊടിപാറയുടെ നൂറാം ജന്മവാർഷിക ദിനമായിരുന്ന 2023 സെപ്റ്റംബർ 26 നോ 25-ാം ചരമ വാർഷിക ദിനത്തിലോ ഈ നാമകരണം നടത്തണമെന്ന താത്പര്യം ലവേർസ് ഓഫ് പൊടിപാറ സമിതി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല.
പൊടിപാറ അനുസ്മരണം ഇന്ന്
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തിന് ദിശാബോധം നൽകിയ മുൻ എംഎൽഎ ജോർജ് ജോസഫ് പൊടിപാറയുടെ 25-ാം ചരമ വാർഷിക ദിനാചരണം കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തും. വൈകുന്നേരം നാലിന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൽ നടക്കുന്ന അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. ജോയ് പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.