തകര്‍ന്നു തരിപ്പണമായി പെരുവ - മരങ്ങോലി ഉപകനാല്‍ റോഡ്
1430867
Saturday, June 22, 2024 6:48 AM IST
പെരുവ: തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. പെരുവ - മരങ്ങോലി എംവിഐപി ഉപ കനാല്‍ റോഡാണ് ഏറേകാലമായി തകര്‍ന്നു കിടക്കുന്നത്. പലതവണ പഞ്ചായത്തിലും ജനപ്രതിനിധികളോടും പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സ്കൂള്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്.
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ചതും ഇതുവഴിയുള്ള യാത്ര കൂടുതല്‍ ദുഷ്ക്കരമാക്കി. ഈ വഴിയില്‍നിന്നു കോട്ടയം റൂട്ടിലേക്ക് ഒരു ലിങ്ക് റോഡ് ഉണ്ടെങ്കിലും മദ്യപന്മാരുടെ ശല്യംമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.
തകര്‍ന്നുകിടക്കുന്ന റോഡ് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.