നൂറുമേനി സീസണ്-2 ഗ്രാന്റ് ഫിനാലെ ജൂലൈ 27ന്
1430931
Sunday, June 23, 2024 4:43 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പസ്തലേറ്റിന്റെയും മാക് ടിവിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ നൂറുമേനി സീസണ്- 2 ബൈബിള്‍ വചന എഴുത്തു മത്സരത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍നിന്ന് നാൽപ്പതിനായിരത്തോളം പേര് പങ്കെടുത്തതായി നൂറുമേനി ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിലും ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കലും അറിയിച്ചു.
അതിരൂപതയിലെ 18 ഫൊറോനകളെ അഞ്ചു റീജണുകളായി തിരിച്ച് നടത്തിയ ഫൊറോന മത്സരത്തില്‍ ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് അഞ്ചു കുടുംബങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മോന്‍സി ആന്റണി കണ്ടത്തില്‍-കുട്ടനാട് റീജണ്‍ (മാര്‍ സ്ലീവ ഫൊറോന ചര്‍ച്ച്, പഴവങ്ങാടി), ടി.ടി. ജോണ്‍ കുംഭംവേലി-ചങ്ങനാശേരി റീജണ്‍ (സെന്റ് മേരീസ് ചര്‍ച്ച്, പാറേല്‍), കെ.കെ. തോമസ് കുരിശുംമൂട്ടില്‍-തെക്കന്‍ റീജണ്‍ (സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് പോങ്ങുംമൂട്), ഡോ. സിജു തോമസ് ജോണ്‍, ഷാരോണ്‍ കുറ്റിക്കാട്- കോട്ടയം റീജണ്‍, (സെന്റ് മേരീസ് കുടമാളൂര്‍), എ.ടി. ജോബ് ആറുപറ-നെടുംകുന്നം റീജണ്‍ (സെന്റ് ആന്റണീസ് ചര്‍ച്ച് കുറുമ്പനാടം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈ 26ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ഗ്രാന്റ് ഫിനാലെ ഓണ്‍ലൈന്‍ മത്സരം നടത്തും. തുടര്‍ന്ന് 27ന് രാവിലെ ഒമ്പതിന് ഗ്രാന്റ് ഫിനാലെ മെഗാ സമ്മേളനം നടത്തും. ഇടവകതലം മുതല്‍ അതിരൂപതാതലം വരെ വിജയികളായ മൂവായിരത്തഞ്ഞൂറോളം പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.