ദീപികയും പാലായും എന്നും അഭിമാനം: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്
1430933
Sunday, June 23, 2024 4:43 AM IST
പാലാ: പത്രമുത്തശിയായ ദീപികയും പാലായും തന്റെ അഭിമാനമാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്.
ദീപികയുടെ 138-ാമത് വാര്‍ഷികാഘോഷവും അവാര്‍ഡുദാനവും ഉദ്ഘാടന വേളയിലാണ് ദീപികയെയും പാലായെയും തന്റെ അഭിമാന സ്തംഭങ്ങളായി ഗവര്‍ണര്‍ ആനന്ദബോസ് വിശേ ഷിപ്പിച്ചത്. താന്‍ എന്താെക്കെ നേടിയോ എന്തെല്ലാം ആയോ അതൊക്കെ ദീപിക ബാലസഖ്യത്തിലൂടെയാണ്. ദീപികയിലൂടെ പടിപടിയായി വളര്‍ന്ന തനിക്ക് ദീപികയിലേക്കും ദീപികയുടെ ചടങ്ങുകളിലേക്കുമുള്ള വരവ് ഗൃഹപ്രവേശം പോലെയാണ്. ബാലസഖ്യത്തിന്റെ ജനറല്‍ സെക്രട്ടിയായി താന്‍ ചുമതലേറ്റ ആകസ്മികമായ സംഭവവും ഗവര്‍ണര്‍ അനു സ്മരിച്ചു.
തന്റെ സഹോദരന് സുന്ദര്‍ബോസ് ബാലസഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുകയും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന ചടങ്ങില്‍ ഒപ്പം കൂടെ പോയി. ഈ സമയം കൊച്ചേട്ടന് അവിടെ നടക്കുന്ന പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി. ട്രോഫിയും സര്‍ട്ടിഫിക്കറ്റും കിട്ടി പോകാമെന്നു കരുതിയ എന്നോടു കൊച്ചേട്ടന് പറഞ്ഞു. ഞാനാണ് ജനറല്‍ സെക്രട്ടറിയെന്ന്. കാരണം പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടുന്ന വ്യക്തിയാണ് ജനറല്‍ സെക്രട്ടറി.
പാലായില്‍ നടക്കുന്ന ദീപിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നു പറഞ്ഞ ഗവര്‍ണര്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് പാലായിലാണെന്ന് അനുസ്മരിച്ചു. താന്‍ പുതുതായി എഴുതുന്ന പുസ്തകത്തില്‍ നാല് അധ്യായങ്ങള്‍ പാലായെക്കുറിച്ചാണെന്നു പറഞ്ഞ ഗവര്‍ണര്‍ മടിപിടിക്കാത്തവരാണ് പാലാക്കാരെന്നും ജോലി ചെയ്യാനുള്ള ഭ്രമം പഠിച്ചത് പാലാക്കാരില്‍ നിന്നാണെന്നും പറഞ്ഞു.ഇന്ദ്രജിത്ത് എന്ന പേരില്‍ കവിതയെഴുതിയ മഹാകവി ഉള്ളൂരിനെ പരിചയപ്പെടുത്തിയ പത്രമാണ് ദീപികയെന്നും മലയാള ഭാഷയെയും സാഹിത്യത്തെയും ഭാഷാ റിപ്പോര്‍ട്ടിംഗിനെയും പരിപോഷിപ്പിക്കാന്‍ ദീപികയ്ക്കു കഴിഞ്ഞെന്നും ഗവര്‍ണര്‍ പറഞ്ഞു.