ചുങ്കത്ത് കടകളില്‍ മോഷണം
1431065
Sunday, June 23, 2024 6:43 AM IST
കോട്ടയം: കോട്ടയത്ത് മോഷണം തുടര്‍ക്കഥയാകുന്നു. വ്യാപാരികൾക്കും പൊതുജനങ്ങള്‍ക്കും ആശങ്ക ഒഴിയുന്നില്ല. ഇന്നലെ ചുങ്കത്ത് ഏഴോളം കടകളിലാണ് മോഷണം നടന്നത്. ചുങ്കം ജംഗ്ഷനിലെ ഇരുവശത്തുമുള്ള കടകളിലായിരുന്നു മോഷണം.
ജംഗ്ഷനിലെ സിമന്റ് കട, റേഷന്‍കട, ബേക്കറികള്‍, പലചരക്കുകടകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മോഷണം നടന്നത്. കടകളുടെ താഴുകള്‍ തകര്‍ത്തനിലയിലാണ്. പൂട്ടുതുറക്കാന്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചിട്ടുണ്ടന്നു വ്യാപാരികള്‍ പറയുന്നു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വ്യാപാരികള്‍ മോഷണവിവരം അറിയുന്നത്.
മോഷണ സമയം കടകളിലെ സിസിടിവി കാമറകള്‍ ഓഫായിരുന്നതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചിട്ടില്ല. സംഭവത്തില്‍ വലിയ തുക മോഷണം പോയിട്ടില്ലെന്നു വ്യാപാരികള്‍ പറഞ്ഞു.
വീനസ് ബേക്കറി ഉടമ അജയ്യുടെ കടയില്‍ മറന്നുവച്ചിരുന്ന മൊബൈല്‍ഫോണ്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി.
കടയിലെ സാധനങ്ങള്‍ വലിച്ചുവാരി അലങ്കോലമാക്കിയ നിലയിലായിരുന്നു. കടയുടെ മുമ്പില്‍നിന്നും തകര്‍ത്ത താഴുകള്‍ കണ്ടെടുത്തിട്ടുണ്ട്. മോഷണം നടന്ന മൊബൈല്‍ കടയില്‍ ഗ്ലാസ് ഡോറുകള്‍ ആയതിനാല്‍ താഴുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ക്ക് അകത്തുകടക്കാനാകാതെ ശ്രമം ഉപേക്ഷിക്കേണ്ടതായും വന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുങ്കം ജംഗ്ഷനില്‍ പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കുകയും നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.