സൈക്കിൾ യാത്രികനുനേരേ കുറുനരി ആക്രമണം
1431068
Sunday, June 23, 2024 6:43 AM IST
കറുകച്ചാൽ: സൈക്കിൾ യാത്രികനുനേരേ കുറുനരി ആക്രമണം. കാലിന്റെ മസിൽഭാഗം കടിച്ചുപറിച്ചു. തോട്ടയ്ക്കാട് പുന്നശേരിയിൽ സണ്ണി ജോസഫി (65)നെയാണ് ഇന്നലെ രാവിലെ ആറിന് കുറുനരി ആക്രമിച്ചത്.
ഇദ്ദേഹം കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടി. തോട്ടയ്ക്കാട് അമ്പലക്കവല-കോൺവെന്റ് റോഡിലായിരുന്നു സംഭവം. അമ്പലക്കവല ഭാഗത്തുനിന്നു ബന്ധുവിന്റെ കടയിലേക്ക് സൈക്കിളിൽ വരുമ്പോൾ കുറുനരി സണ്ണിയുടെ സൈക്കിളിനു കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട സൈക്കിൾ റോഡിൽ മറിഞ്ഞു.
നിലത്തുവീണ സണ്ണിയുടെ കാൽമുട്ടിന് താഴെയുള്ള മസിൽ ഭാഗം കുറുനരി കടിച്ചുപറിച്ചു. സണ്ണി ബഹളം വച്ചതോടെ കുറുനരി പിൻവാങ്ങി. ശബ്ദംകേട്ട് സമീപത്തുള്ള പ്ലാപ്പറമ്പിൽ രാജു മാത്യു ഓടിയെത്തി സണ്ണിയെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുറുനരി വീണ്ടുമെത്തി രാജുവിനെയും ആക്രമിക്കാൻ ശ്രമിച്ചു.
ഇരുവരുടെയും ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തി ബഹളം വച്ചതോടെ കുറുനരി ഓടിമറയുകയായിരുന്നു.