ഉദയനാപുരം നേരേകടവിൽ പക്ഷിപ്പനി
1431071
Sunday, June 23, 2024 6:43 AM IST
വൈക്കം: വൈക്കം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലെ കോഴിഫാമിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ നേരേകടവ്, വല്ലകം പ്രദേശങ്ങളിലെ ഫാമുകളിലെ കോഴികൾ കഴിഞ്ഞദിവസങ്ങളിൽ കൂട്ടത്തോടെ ചത്തിരുന്നു.
നേരേകടവ് പ്ലാക്കത്തറ സുഭാഷിന്റെ ഫാമിലെ 850 കോഴികളിൽ 800 കോഴികളും കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ചത്തു. ഈ ഫാമിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ശേഖരിച്ച സാമ്പിൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. വല്ലകത്തെ ഫാമിലെ 4000 കോഴികളിൽ 400 ഓളം കോഴികൾ കഴിഞ്ഞദിവസങ്ങളിൽ ചത്തിരുന്നെങ്കിലും പരിശോധനയിൽ പക്ഷിപ്പനി അല്ലെന്നായിരുന്നു കണ്ടെത്തൽ.
നേരേകടവിൽ രോഗബാധയുണ്ടായ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ് അടക്കമുള്ള വളർത്തു പക്ഷികളെ കള്ളിംഗിനു വിധേയമാക്കും. ഈ ഭാഗത്തെ അഞ്ച് ഫാമുകളിലും വീടുകളിലും വളർത്തുന്നതടക്കം 8000 ത്തോളം പക്ഷികളെ കൊന്നൊടുക്കി സംസ്കരിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
ചൊവ്വാഴ്ച കള്ളിംഗിന് 50 അംഗ സംഘമെത്തും. അതിനുള്ള ഒരുക്കങ്ങൾ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
കോഴി ഫാമുകളിലും വീടുകളിലെ പക്ഷിക്കൂടുകളിലും അണുനാശിനി തളിക്കും. കോഴി, താറാവ് തുടങ്ങിയവയുടെ ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അറിയിച്ചു.
കോഴികൾ ചത്തത് പക്ഷിപ്പനി മൂലമല്ല
വൈക്കം: വൈക്കത്തെ ചെമ്പ്, ടിവിപുരം പഞ്ചായത്തുകളിലെ കോഴിഫാമുകളിൽ കഴിഞ്ഞദിവസങ്ങളിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് പരിശോധന റിപ്പോർട്ട്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഈ പഞ്ചായത്തുകളിലെ ഫാമിലെ സാമ്പിളുകൾ ശേഖരിച്ചു ഭോപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇവിടെ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന പരിശോധന റിപ്പോർട്ടാണ് ലഭിച്ചത്.