നൂതന വിദ്യാഭ്യാസം ലഭ്യമാക്കാൻ സർക്കാർ നടപടി ആരംഭിച്ചെന്ന് മന്ത്രി വാസവൻ
1431093
Sunday, June 23, 2024 6:56 AM IST
തലയോലപ്പറമ്പ്: വിദ്യാർഥികളുടെ ബൗദ്ധീകവും സർഗാത്മകവുമായ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നാടിന് ഇനി വേണ്ടതെന്നു മന്ത്രി വി.എൻ. വാസവൻ.
തലയോലപറമ്പ് സെന്റ് ജോർജ് സ്കൂളിൽ നവീകരിച്ച സെക്കൻഡറി ബ്ലോക്കിന്റെയും പുതിയതായി നിർമിച്ച സയൻസ് ലാബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിവിദ്യകളുപയോഗിച്ചു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റത്തിനു കുറവുവരുത്താൻ ഇതിലൂടെ കഴിയുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ മാനേജർ റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, പഞ്ചായത്തംഗം ഷിജിമോൾ വിൻസെന്റ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജെറിൻ പാലത്തിങ്കൽ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഫ്രെഡ്ഡി കോട്ടൂർ, സ്റ്റാഫ് സെക്രട്ടറി ജെസി ജോർജ്, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തികുന്നേൽ, ബേബി പുത്തൻപറമ്പിൽ, വൈസ് ചെയർമാൻ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.