തകര്‍ന്ന ഓടയുടെ സ്ലാബ് പുനഃസ്ഥാപിക്കാന്‍ നടപടികളില്ല
1431094
Sunday, June 23, 2024 6:56 AM IST
കടുത്തുരുത്തി: ലോറി കയറിയതിനെത്തുടര്‍ന്ന് തകര്‍ന്ന ഓടയുടെ സ്ലാബ് പുനഃസ്ഥാപിക്കാന്‍ നടപടികളില്ല. റോഡരികില്‍ അപകട ഭീഷണിയുയർത്തി വാ തുറന്ന് ഓട.
വാഹനത്തിരക്കേറിയ ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ ഇടക്കര വളവിന് സമീപത്താണ് അപകട ഭീഷണിയായ ഓടയുള്ളത്. ഒരു മാസം മുമ്പാണ് ഇവിടെ വാഹനം കയറി ഓടകയുടെ സ്ലാബുകൾ തകര്‍ന്നത്. പഞ്ചസാര ലോഡുമായെത്തിയ ലോറി കയറിയതിനെത്തുടര്‍ന്നാണ് ഓടയുടെ സ്ലാബുകള്‍ തകര്‍ന്നത്.
തുറന്നുകിടക്കുന്ന ഓട ശ്രദ്ധയില്‍പ്പെടുന്നതിന് സമീപത്തായി ടയറുകളും മരച്ചില്ലകളും വച്ചിരിക്കുകയാണ്. കൂടാതെ രണ്ടു ചുവന്നകൊടികളും ഓടയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓടയുടെ സ്ലാബുകള്‍ പുനഃസ്ഥാപിക്കണമെങ്കില്‍ വ്യാപാരികള്‍ പണം മുടക്കേണ്ട സ്ഥിതിയാണ്.
ഓടയുടെ സ്ലാബ് നിര്മിക്കാനേല്പിച്ചിട്ടുണ്ടെന്നും അടുത്തദിവസങ്ങളില്‍ ഇവ എത്തുമെന്നുമാണ് സമീപത്തെ വ്യാപാരികള്‍ പറഞ്ഞത്. ഓടയ്ക്കു മുകളില്‍ സ്ലാബില്ലാതായതോടെ കടകളിലേക്കു വാഹനങ്ങള്‍ക്ക് പ്രവേശിക്കാൻ കഴിയില്ല. ഇത് വ്യാപാരികള്‍ക്കു കനത്തനഷ്ടമാണ് വരുത്തിവച്ചത്.