മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
1431096
Sunday, June 23, 2024 6:56 AM IST
വൈക്കം: മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനു പിൻബലമേകാൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ സിഫ്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിക്ക് വൈക്കത്ത് തുടക്കമായി. വൈക്കത്ത് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിവൃദ്ധി ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്.
ഐസിഎആർ സിഫ്ട് കൊച്ചി ഡയറക്ടർ ഡോ. ജോർജ് നൈനാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
നെറ്റ്ഫിഷ്, എംപിഇഡിഎ, കോട്ടയം ഫിഷറീസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ഉന്നത ഗുണനിലവാരമുള്ള മത്സ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും ആവശ്യമായ സാങ്കേതിക സഹായം സിഫ്ട് നൽകുന്നു. ഇതിനാവശ്യമായ സാധന സാമഗ്രികളും സാങ്കേതിക സഹായങ്ങളും സൗജന്യമായി സിഫ്ട് നൽകുന്നു.
മത്സ്യ തൊഴിലാളികൾക്ക് ഫ്രീസർ, വട്ട ചെമ്പ്, മീൻ കട്ടിംഗ് ടേബിൾ, ബർണർ, വലിയ ഉരുളി, സോളാർ ഡ്രയർ, ചെറിയ ചരുവം, കിയോസ്കുകൾ, പ്ലാസ്റ്റിക് ഡപ്പ തുടങ്ങിയവ വിതരണം ചെയ്തു.
വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ഡോ. എസ്. ആശാലത, എസ് സി എസ് പി കോ-ഓർഡിനേറ്റർഡോ. എ. സുരേഷ്, ഫിഷറീസ് ഡവലപ്പ്മെന്റ് ഓഫീസർ മനുകുമാർ, നെറ്റ്ഫിഷ് എംപിഇഡി എസ്റ്റേറ്റ് കോ- ഓർഡിനേറ്റർ സംഗീത തുടങ്ങിയവർ പ്രസംഗിച്ചു.