ദുരിതം പേറി രോഗികള്‍ : ജനറല്‍ ആശുപത്രി ഒപിയില്‍ ടോക്കണെടുക്കാന്‍ നീണ്ട ക്യൂ
1431097
Sunday, June 23, 2024 6:56 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ഒപി ടോക്കണ്‍ വാങ്ങാന്‍ നീണ്ട നിര. രോഗികള്‍ക്കു ദുരിതകാലം. ചങ്ങനാശേരി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ഏകദേശം ആയിരത്തിലേറെ ആളുകളാണ് ദിവസവും ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്.
കുട്ടികളും വയോജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവർക്കാണ് ക്യൂവില്‍ ഊഴം കാത്തുനില്‍ക്കേണ്ടി വരുന്നത്. മരുന്നുവാങ്ങാനെത്തുന്നവര് മഴയും വെയിലുമേറ്റ് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതിനെതിരേ പരാതി വ്യാപകമാകുകയാണ്.
രണ്ടു പ്രിന്ററുകള്‍ തകരാറിലായതാണ് ഒപി ടോക്കണ്‍ നല്കുന്നതിൽ താമസം നേരിടുന്നതിനു കാരണമെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നാല് കമ്പ്യൂട്ടറുകളും നാലു പ്രിന്ററുകളുമാണ് ഒപിയില്‍ ടോക്കണ്‍ നല്‍കുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്.
ബാക്കിയുള്ള രണ്ട് പ്രിന്റര്‍ ഉപയോഗിച്ചുവേണം രോഗികള്‍ക്ക് ടോക്കണ്‍ നല്കുവാന്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഔട്ട് പേഷ്യന്റിന് ടോക്കണ്‍ നല്കുന്ന സമയം. ജീവനക്കാരുടെ പരിജ്ഞാനക്കുറവും പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രശ്നം പരിഹരിക്കുന്നതിനായി ഒപി കൗണ്ടറില്‍ ഒരാളെക്കൂടി നിയോഗിച്ചതായും അനൗണ്‍സ്മെന്റ് സംവിധാനം ഉടനെ ഏര്‍പ്പെടുത്തുമെന്നും സൂപ്രണ്ട് ഡോ. പ്രസീത പറഞ്ഞും. സ്റ്റാഫിന്റെ കുറവ് നേരിടുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.