കാറ്റടിച്ചാൽ അണിയറപ്പടിയിൽ മരം വീഴും
1431099
Sunday, June 23, 2024 6:56 AM IST
കറുകച്ചാൽ: ചെറുകാറ്റടിച്ചാൽപോലും നെത്തല്ലൂർ, അണിയറപ്പടി ഭാഗത്ത് തണൽമരം വീഴുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു മരങ്ങളാണ് വാഴൂർ റോഡിലേക്ക് പിഴുതുവീണ് വൈദ്യുതിലൈനുകൾ പൊട്ടുന്നതിനും ഗതാഗത തടസത്തിനും കാരണമായത്.
മരങ്ങൾ കടപുഴകി വീണ് നാശനഷ്ടങ്ങൾ സംഭവിക്കുന്നതും കാൽനട, വാഹന യാത്രക്കാർ ദുരിതം അനുഭവിക്കുന്നതും തുടരുമ്പോഴും അപകടാവസ്ഥയിലായവ വെട്ടിമാറ്റാൻ അധികൃതർ തയാറുമല്ല.
വെള്ളിയാഴ്ച രാവിലെ ഏഴിന് റോഡരികിൽനിന്ന മരം പിഴുതു വീണതിനെത്തുടർന്ന് വൈദ്യുത വിതരണം തടസപ്പെടുകയും കോട്ടയം, പൊൻകുന്നം, ചങ്ങനാശേരി, കോഴഞ്ചേരി ഭാഗങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങുകയും ചെയ്തു.
നിരവധി കേബിൾ ലൈനുകളും പൊട്ടിവീണു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞയാഴ്ച അക്കേഷ്യ മരം വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങിയിരുന്നു. ഒരു വർഷത്തിനിടെ പത്തു മരങ്ങളാണ് ഇവിടെ പിഴുതുവീണത്.
കഴിഞ്ഞവർഷം കൂറ്റൻ അക്കേഷ്യ മറിഞ്ഞുവീണ് ട്രാൻസ്ഫോർമറും നിരവധി വാഹനങ്ങളും തകർന്നിരുന്നു. രണ്ടാഴ്ച മുമ്പ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരച്ചില്ല വീണു വാഹനത്തിന്റെ ഗ്ലാസുകൾ തകർന്ന സംഭവവും ഉണ്ടായി.
നിരവധി അക്കേഷ്യ മരങ്ങൾ ഈ ഭാഗത്തുണ്ട്. ഭൂരിപക്ഷം മരങ്ങളുടെയും ചുവടുഭാഗം കേടുപിടിച്ച് പൊള്ളയായും ചുവട് ഇളകി ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. ഈ മരങ്ങൾ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.