ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അസംബ്ലി ഹാൾ ഉദ്ഘാടനം
1431143
Sunday, June 23, 2024 10:19 PM IST
പൊൻകുന്നം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ അധ്യാപകരും പിടിഎയും എസ്എംസിയും ചേർന്ന് നിർമിച്ച അസംബ്ലി ഹാൾ ഇന്ന്രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ഡിഇഒ ഇ.എസ്. രാകേഷ്, സിനി ആർട്ടിസ്റ്റ് രാജേഷ് മണിമല എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും മെറിറ്റ് ഡേയും നടത്തും. നീറ്റ് പരീക്ഷയിൽ എഴുപതാം റാങ്ക് നേടിയ പൂർവവിദ്യാർഥിനി നന്ദന ബിനോദിനെ ആദരിക്കും.
2000 സ്ക്വയർഫീറ്റിലാണ് അംബ്ലിഹാൾ നിർമിച്ചിരിക്കുന്നത്. നിർമാണ ചെലവിനുള്ള തുക സുമനസുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർവ അധ്യാപകരിൽ നിന്നുമാണ് കണ്ടെത്തിയത്. സ്കൂളിന് വിശാലമായ മൈതാനം ഉണ്ടെങ്കിലും അസംബ്ലി കൂടുന്നതിനും മറ്റും കാലാവസ്ഥ പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അസംബ്ലി ഹാൾ വേണമെന്ന ആവശ്യം ഉയർന്നത്.
അക്കാദമിക രംഗത്ത് ഉൾപ്പെടെ വലിയ മുന്നേറ്റമാണ് സ്കൂൾ കൈവരിക്കുന്നതെന്നും സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ എം.എച്ച്. നിയാസ് പറഞ്ഞു.