അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ഭരണങ്ങാനത്ത് നാളെ
1431149
Sunday, June 23, 2024 10:19 PM IST
പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപത ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. നാളെ 11.30 ന് ഭരണങ്ങാനത്ത് സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളില്‍ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നിർവഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. ജോണ്‍ കണ്ണന്താനം, ആന്റണി മാത്യു, സാബു ഏബ്രഹാം, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവല്‍, ടിന്റു അലക്സ്, ജെസി ജോസ് എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം, ഉപന്യാസം, ചിത്രരചനാ മത്സരങ്ങളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍പ്പെടുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കൻഡറി, ഹൈസ്കൂള്‍, എസ്എച്ച് ജിഎച്ച്എസ്, അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥിനി-വിദ്യാര്‍ഥികളും പങ്കെടുക്കും.
പൊതുസമൂഹത്തിനായി ലഹരിവിരുദ്ധ ദിനത്തില്‍ പ്രതിജ്ഞയെടുക്കാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും പ്രകാശനം ചെയ്തു.