ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തിരുനാളിന് നാളെ കൊടിയേറും
1436798
Wednesday, July 17, 2024 10:49 PM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 11.15 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയര്‍ത്തും. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തിലും മറ്റ് വികാരി ജനറാള്‍മാരും തദവസരത്തില്‍ സന്നിഹിതരായിരിക്കും.
തിരുനാള്‍ ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 26ന് നടക്കും.
27-ന് ഉച്ചകഴിഞ്ഞ് 2.30-ന് ശ്രവണ പരിമിതര്‍ക്ക് പ്രത്യേക വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 27ന് വൈകുന്നേരം 6.30 ന് ഇടവക ദേവാലയത്തില്‍നിന്ന് അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച മഠത്തിലേക്ക് ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം നടത്തും.
പ്രധാന തിരുനാള്‍ ദിവസമായ 28 ന് രാവിലെ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. തുടര്‍ന്ന് ഏഴിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഇടവകദേവാലയത്തില്‍ അന്നു രാവിലെ 10.30 ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റാസ അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.
തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും രാവിലെ 5.30, 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, നാല്, അഞ്ച്, ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന തീര്‍ഥാടനകേന്ദ്രം ദേവാലയത്തിലുണ്ടായിരിക്കും. രാവിലെ 11.30 നുള്ള വിശുദ്ധ കുര്‍ബാന ബിഷപ്പുമാരുടെ കാര്‍മികത്വത്തിലായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15ന് ഭക്തിനിര്‍ഭരമായ ദീപക്കാഴ്ചകളുമായി വിശ്വാസികള്‍ ജപമാല പ്രാര്‍ഥനയും നടത്തും.