കോട്ടയം: ജെസ്ന മരിയ ജയിംസ് (21) തിരോധാനക്കേസില്‍ സിബിഐയുടെ തുടര്‍ അന്വേഷണം രണ്ടു മാസം പിന്നിട്ടു. ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവനുസരിച്ചാണ് രണ്ടാമതും അന്വേഷണം നടന്നുവരുന്നത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നാലംഗ സിബിഐ ടീം വിവിധയിടങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ലെന്നും തനിക്ക് സംശയമുള്ള ചില വ്യക്തികളിലേക്ക് അന്വേഷണം നീങ്ങണമെന്നും ജെയിംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാധ്യതകളും സൂചനകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം. സിബിഐ ഒന്നാം ഘട്ടം അന്വേഷണത്തില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ അന്വേഷണ മേഖല.