ഓടകളുടെ അഭാവം; മുണ്ടക്കയം ബൈപാസിൽ വെള്ളക്കെട്ട്
1452818
Thursday, September 12, 2024 11:26 PM IST
മുണ്ടക്കയം: ഓടകളുടെ അഭാവംമൂലം മുണ്ടക്കയം ബൈപാസ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ബൈപാസിൽ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
ബൈപാസിന്റെ നിർമാണവേളയിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള യാതൊരു സംവിധാനവും റോഡിന്റെ പല ഭാഗത്തും ഏർപ്പെടുത്തിയിരുന്നില്ല. ഇതുമൂലം മഴ രൂക്ഷമായതോടെ ബൈപാസിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. വേഗത്തിൽ വാഹനം ഓടിച്ചുവരുന്ന ഡ്രൈവർമാർ തൊട്ടടുത്ത് എത്തുമ്പോഴാണ് വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെടുന്നത്. പലപ്പോഴും കാൽനട യാത്രക്കാരുടെമേൽ ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. ഇരുചക്ര വാഹനങ്ങളടക്കം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി എതിർ ദിശയിലൂടെ സഞ്ചരിക്കുന്നതും റോഡിന്റെ വശങ്ങളിൽ അനധികൃതമായി തടി അടക്കമുള്ളവ കൂട്ടിയിട്ടിരിക്കുന്നതും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
വാഹന ഗതാഗതം കുറവുള്ള ബൈപാസിലൂടെ പലപ്പോഴും രാത്രിയിൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുണ്ടക്കയം ബൈപാസിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അപകടങ്ങളും വർധിക്കുന്നുണ്ട്.