അക്ഷരമ്യൂസിയം 19ന് തുറക്കും
1458334
Wednesday, October 2, 2024 6:33 AM IST
കോട്ടയം: അക്ഷരനഗരിക്ക് തിലകക്കുറിയായി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്ന അക്ഷരമ്യൂസിയം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. അക്ഷരമ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കോട്ടയം നാട്ടകത്തെ അക്ഷരമ്യൂസിയം അങ്കണത്തിൽ ചേർന്ന സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
15 കോടി രൂപ മുടക്കി 15,000 ചതുരശ്ര അടിയിലാണ് അക്ഷരമ്യൂസിയം നിർമിച്ചിരിക്കുന്നത്. ഗവേഷണസൗകര്യവും പഠനങ്ങളും നടത്താൻ കഴിയുന്ന പശ്ചാത്തലസൗകര്യങ്ങൾകൂടി ഭാവിയിൽ ഉറപ്പാക്കുന്ന തരത്തിലാണ് നിർമാണപ്രവർത്തനങ്ങൾ.
രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന സംസ്കാരികകേന്ദ്രമായി അക്ഷരമ്യൂസിയം മാറുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ മുഖ്യരക്ഷാധികാരിയായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാറാണ് സ്വാഗത സംഘം ചെയർമാൻ, സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യ പ്രസ് പുരയിടത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഭാഷ- സാഹിത്യ-സാംസ്്കാരിക മ്യൂസിയമായി അക്ഷരമ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖംവരെ അടയാളപ്പെടുത്തുന്ന ഗാലറികളുണ്ടാകും. വരമൊഴിയായും ഗുഹാവരകളായും ചിത്രലിപികളായും പരിണമിച്ച ഭാഷയുടെ വ്യത്യസ്തതലങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഒന്നാം ഗാലറി. ഇന്ത്യൻ ലിപിസമ്പ്രദായങ്ങളുടെ സമഗ്ചരിത്രങ്ങൾ വിശദീകരിക്കുന്നതാണ് രണ്ടാം ഗാലറി.
ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടി മുതൽ യൂണികോഡ് വരെയുള്ള ലിപിവിന്യാസത്തിന്റെ ചരിത്രമാണ് മൂന്നാംഗാലറിയിൽ. സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സഹകരണ പ്രസ്ഥാനത്തെയും കുറിക്കുന്ന വിവരങ്ങളാണ് നാലാം ഗാലറിയിൽ. ആറായിരത്തോളം ലോകഭാഷകളുടെ പ്രദർശനം, അത്യാധുനികരീതിയിലുള്ള തിയറ്റർ സംവിധാനം ഹോളോഗ്രാം പ്രൊജക്ഷൻ എന്നിവയും മ്യൂസിയത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. എസ്പിസിഎസ് സ്ഥാപകനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ അർധകായശിൽപവും സ്ഥാപിച്ചിട്ടുണ്ട്.