റോഡരികിലെ ആഴമേറിയ കുളങ്ങൾ അപകട ഭീഷണി ഉയർത്തുന്നു
1458629
Thursday, October 3, 2024 5:05 AM IST
വൈക്കം: വൈക്കം -ടിവിപുരം റോഡിൽ റോഡരികിലെ ആഴമേറിയ കുളങ്ങൾ അപകടത്തിനിടയാക്കുന്നു. ടി വി പുരം പൂതനേഴത്ത് വളവിലും പള്ളിപ്രത്തുശേരി അക്ഷയ സെന്ററിനു എതിർവശത്തുമുള്ള കുളങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. വൈക്കം ടി വി പുരംറോഡ് 10 കോടി രൂപ വിനിയോഗിച്ച് ബിഎംബിസി നിലവാരത്തിൽ പുനർ നിർമ്മിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പതിൻമടങ്ങായി വർധിച്ചു.
റോഡ് ആധുനിക നിലവാരത്തിലായതോടെ വാഹന ഗതാഗതത്തിന്റെ വേഗവും വർധിച്ചു. വലിയ വാഹനങ്ങൾ കടന്നു വരുമ്പോൾ റോഡരികിലേയ്ക്ക് വാഹനം ഒതുക്കുമ്പോഴും അമിത വേഗത്തിൽവളവിലേയ്ക്കെത്തുമ്പോഴും വാഹനങ്ങൾ നിയന്ത്രണം വിട്ട് കുളത്തിൽ പതിക്കാൻ സാധ്യതയേറെയാണ്.
പൂതനേഴത്ത് വളവിനോട് ചേർന്ന കുളത്തിൽ ഒരു കാറും ബൈക്കും നിയന്ത്രണം തെറ്റി പതിച്ചിട്ടുണ്ട്. ചെളി നിറഞ്ഞ ഈ കുളത്തിൽ കഴുത്തറ്റം താണുപോയ ബൈക്ക് യാത്രികനെ പരിസരവാസികൾ കണ്ടതിനാൽ രക്ഷിക്കാൻ കഴിഞ്ഞു.
കാർ കുളത്തിൽ പതിച്ചത് രാത്രിയായിരുന്നു. പരിസരവാസികളോടിയെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമുണ്ടായില്ല. ഇരുകുളങ്ങളും സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലാണ്. ആളപായമൊഴിവാകാൻ കുളങ്ങളോട് ചേർന്ന ഭാഗം കരിങ്കൽ ഭിത്തി കെട്ടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.