രാജ്യത്തിന്റെ ഐക്യത്തിനായി ഒരുമിക്കണം: മന്ത്രി റോഷി
1262741
Saturday, January 28, 2023 10:20 PM IST
ഇടുക്കി: ഭരണഘടനയുടെ അന്തസത്തയ്ക്കെതിരേ ഉയർന്നുവരുന്ന ശക്തികളെ തിരിച്ചറിയണമെന്നും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി ഐഡിഎ മൈതാനിയിൽ റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മന്ത്രി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ വിശാൽ ജോണ്‍സണ്‍ന്റെ നേതൃത്വത്തിൽ ബാൻഡ് ഉൾപ്പെടെ 17 പ്ലറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകൾക്കു മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഉഷാകുമാരി മോഹൻകുമാർ, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അരുണ്‍ എസ്. നായർ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.