ആർടിഒ ഓഫീസിൽ അഴിമതിയെന്ന് ഐഎൻടിയുസി
1282896
Friday, March 31, 2023 10:57 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ആര്‍ടിഒ ഓഫീസിൽ അഴിമതി വ്യാപകമായതായി ഐഎന്‍ടിയുസി നെടുങ്കണ്ടം റീജണല്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
വാഹന ഉടമകളെയും തൊഴിലാളികളെയും ഉടുമ്പന്‍ചോല ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണ്. നിസാര കാരണങ്ങളുടെ പേരില്‍ വന്‍ തുക പിഴ ഈടാക്കുന്നതുമൂലം പല വാഹന ഉടമകളും തൊഴിലാളികളും അത്മഹത്യയുടെ വക്കിലാണ്. വാഹന രജിസ്ട്രേഷന്, ടെസ്റ്റിംഗ് മുതലായ ആവശ്യങ്ങള്‍ക്ക് എത്തുന്ന ആളുകളെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണ്.
ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഓഫീസിന്റെത്. ഓഫീസില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടി എടുത്തുമാറ്റി. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെട്ടില്ലങ്കില്‍ മോട്ടോര്‍ വാഹന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു യൂണിയനുകളുമായി ചേർന്ന് ആര്‍ടി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, അനില്‍ കട്ടുപ്പാറ, കെ.ആര്. രാമചന്ദ്രന്, റെജി ആശാരികണ്ടം എന്നിവര്‍ അറിയിച്ചു.