ആശുപത്രി മാലിന്യം റോഡിലൂടെ: ആഴ്ചകളായിട്ടും നടപടിയില്ല
1425258
Monday, May 27, 2024 2:12 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ദ്രവ മാലിന്യം ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകുന്നു. ആഴ്ചകളായി മലിനജലം ദുർഗന്ധം പരത്തി റോഡിലൂടെ ഒഴുകിയിട്ടും പരിഹരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല.
ഡയാലിസിസ് ചികിത്സയുടെ ഭാഗമായുള്ള മലിന ജലം ശേഖരിക്കുന്ന ടാങ്ക് നിർമിച്ചിരിക്കുന്നത് റോഡിനോട് ചേർന്നാണ്. മറ്റൊരു സ്ഥലത്ത് വലിയ ടാങ്ക് നിർമിച്ച് മലിനജലം ശേഖരിക്കാൻ നിർദേശമുണ്ടായെങ്കിലും വലിയ തുക ചെലവാകുമെന്നതിനാൽ അധികൃതർ കണ്ണടക്കുകയാണെന്ന് ആരോപണമുണ്ട്.
മഴക്കാലമായതോടെ റോഡിലൂടെ ഒഴുകുന്ന മലിനജലം പുഴയിലൂടെ പെരിയാറിലേക്ക് എത്തും. കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകുകയും നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ആരോഗ്യവകുപ്പ് ആശുപത്രി മാലിന്യം പുഴയിലേക്ക് ഒഴുകുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് ജനദ്രോഹമാണെന്നാണ് ജനങ്ങളുടെ ആക്ഷേപം.