മദ്യപിച്ച് ബസോടിച്ച ഡ്രൈവർ പിടിയിൽ
1425518
Tuesday, May 28, 2024 6:27 AM IST
തൊടുപുഴ: മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറെ തൊടുപുഴ ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ-ഏഴല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻസ് ബസിന്റെ ഡ്രൈവർ പെരുന്പള്ളിച്ചിറ കറുക പാവൂർ വീട്ടിൽ അരുണ്‍കുമാർ (34) ആണ് തൊടുപുഴ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇതോടെ മദ്യപിച്ച് ബസ് ഓടിച്ചതിന്റെ പേരിൽ ഈ മാസം പോലീസ് പിടികൂടിയവരുടെ എണ്ണം അഞ്ചായി.
ഇന്നലെ രാവിലെ 9.10നാണ് അരുണിനെ ട്രാഫിക് പോലീസ് പിടികൂടിയത്. പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതോടെ ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അരുണിനെ ജാമ്യത്തിൽ വിട്ടയച്ചു. ബസ് കോടതിയിൽ ഹാജരാക്കുമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
മദ്യപിച്ച് സർവീസ് ബസുകളോടിച്ച് അപകടമുണ്ടാക്കുന്ന കേസുകൾ നഗരത്തിൽ വർധിച്ച സാഹചര്യത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്. നേരത്തെ നാല് ബസ് ഡ്രൈവർമാരെ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് തൊടുപുഴ സിഐ മഹേഷ് കുമാർ അറിയിച്ചു.