ദേശീയപാത നിർമാണത്തിനിടെ അടിമാലി ഇരുന്പുപാലത്ത് മണ്ണിടിച്ചിൽ
1428768
Wednesday, June 12, 2024 3:47 AM IST
അടിമാലി: ദേശീയപാത നിർമാണം നടക്കുന്നതിനിടെ അടിമാലി ഇരുന്പുപാലത്ത് മണ്ണിടിച്ചിൽ. പാതയോരത്തുനിന്ന് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം നടന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണ ഭിത്തിയും നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഓടനിർമാണം നടക്കുന്നതിനിടെ സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.
നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ്, തമിഴ്നാട് തെങ്കാശി സ്വദേശി കാളിസ്വാമി എന്നിവർ മണ്ണിടിച്ചിലിൽ അകപ്പെട്ടു. കാളിസ്വാമി പൂർണമായി തന്നെ മണ്ണിനടിയിൽപ്പെട്ടിരുന്നു. അപകടം നടന്ന ഉടൻ സമീപവാസികളും മറ്റ് നിർമ്മാണതൊഴിലാളികളും വിനോദ സഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
ചെറിയ പരിക്കുകൾ സംഭവിച്ച തൊഴിലാളികൾ ഇരുവർക്കും അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.