മുതലക്കോടം ആശുപത്രിക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണ പുരസ്കാരം
1428970
Thursday, June 13, 2024 3:47 AM IST
തൊടുപുഴ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ മികച്ച മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്ത് 250 മുതൽ 499 വരെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്കുവേണ്ടി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ മന്ത്രി എം.ബി.രാജേഷിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത ലോകപരിസ്ഥിതിദിനാചരണ ചടങ്ങിലാണ് അവാർഡ് വിതരണം ചെയ്തത്. മനുഷ്യർക്കൊപ്പം പ്രകൃതിയെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിസ്റ്റർ മേഴ്സി കുര്യൻ പറഞ്ഞു.
നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മേരി ആലപ്പാട്ട്, എൻജിനിയർ ഷിബു അഗസ്റ്റിൻ, ക്വാളിറ്റി ഓഫീസർ എമിൽ ജോർജ് കുന്നപ്പിള്ളി, സൂപ്പർവൈസർ അന്പിളി ദീപക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ മികച്ച സേവനം നടത്തിയ സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിച്ചത്.