വാഴത്തോപ്പ് കെഎസ്ഇബി കോളനിയില്‍ കാട്ടുപന്നിയുടെ ജഡം
1437090
Thursday, July 18, 2024 10:35 PM IST
ചെറുതോണി: വാഴത്തോപ്പ് കെഎസ്ഇബി കോളനിയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. ഇന്നലെ ഇതുവഴി കടന്നുപോയ വഴിയാത്രക്കാരാണ് ജഡം കണ്ടത്. വിവരം വനപാലകരെ അറിയിച്ചതിനെത്തുടര്‍ന്ന് നഗരംപാറ റെയിഞ്ചിലെ ഉദ്യോഗസ്ഥരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടന്നും 20 കിലോയോളം തൂക്കമുള്ള പെണ്പന്നിയാണെന്നും വനപാലകർ പറഞ്ഞു. പന്നിയുടെ ജഡം നഗരംപാറ റെയിഞ്ചോഫീസിനു സമീപം കൊണ്ടുവന്ന് പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം മറവ് ചെയ്തു. ചെറുതോണി ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോളനിയില്‍ നൂറുകണക്കിന് കാട്ടുപന്നികളും മുള്ളന്‍പന്നികളും പെറ്റുപെരുകിയിരിക്കുകയാണ്. ഇവയുടെ ആക്രമണത്തില്‍ പേടിച്ച് പകലുപോലും ആളുകള്‍ ഇതുവഴി
നടന്നുപോകാൻ തയാറാകുന്നില്ല. വിദ്യാര്‍ഥികളെ രക്ഷകര്‍ത്താക്കള്‍ വാഹനത്തില്‍ കൊണ്ടുവിടുകയാണ് പതിവ്. വാഴത്തോപ്പ് കെഎസ്ഇബി കോളനിയിൽ ആള്‍ത്താമസമില്ലാതെ നിരവധി ക്വാർട്ടേഴ്സുകൾ കാടുകയറി കിടക്കുകയാണ്. താലൂക്ക് സഭയിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കോളനിക്കു സമീപത്തുള്ള കര്‍ഷകര്‍ പന്നി ശല്യംമൂലം കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.