നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് കുന്നുംപുറത്ത്
1279216
Monday, March 20, 2023 12:20 AM IST
കൊച്ചി: തുമ്പൂര്‍മുഴി മാലിന്യസംസ്കരണ മാതൃകയിലുള്ള നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് ഇടപ്പളളി കുന്നുംപുറം ഡിവിഷനില്‍ ആരംഭിച്ചു. ഇടപ്പളളി സൊസൈറ്റി കവലയിലെ പാലത്തിനടിയിലുളള നാല് സെന്റ് ഭൂമിയിലാണ് കൗണ്‍സിലര്‍ അംബിക സുദര്‍ശനന്റെ നേതൃത്വത്തില്‍ 100 മണിക്കൂര്‍ കൊണ്ട് മാലിന്യ സംസ്കരണ യൂണിറ്റ് സജ്ജമാക്കിയത്. വികേന്ദ്രീകൃത മാലിന്യ സംസ്കരണ ശ്രമത്തിനു കരുത്തു പകരുന്നതാണിതെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.
ചകിരിച്ചോറ്, കരിയില, ഇനോകുലം, എന്നിവയുടെ സഹായത്താല്‍ ജൈവമാലിന്യം എയ്റോബിക് കന്പോസ്റ്ററുകളില് നിക്ഷേപിച്ച് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ഓരോ കന്പോസ്റ്ററും നിറയുമ്പോള്‍ അടുത്ത കന്പോസ്റ്റര്‍ ഉപയോഗപ്പെടുത്തും. മൂന്നാമത്തെ കന്പോസ്റ്ററിലേക്ക് മാലിന്യം നിക്ഷേപിക്കുമ്പോള്‍ തന്നെ ആദ്യത്തെ ബോക്സിലെ മാലിന്യം വളമായി മാറിയിട്ടുണ്ടാകും. ഡിവിഷനിലെ 60 ശതമാനത്തോളം ജൈവമാലിന്യം ഇത്തരത്തില്‍ സംസ്കരിക്കാന്‍ സാധിക്കുമെന്ന് മേയര്‍ അവകാശപ്പെട്ടു. കൂടുതല്‍ ഡിവിഷനുകളില്‍ ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ മാതൃകകള്‍ ആരംഭിക്കണമെന്നും മേയര്‍ നിര്‍ദേശിച്ചു.
അങ്ങനെവന്നാല്‍ ബ്രഹ്മപുരത്തെ വിന്‍ഡ്രോ കന്പോസ്റ്റ് പ്ലാന്റിലേക്ക് വളരെ കുറച്ച് ജൈവ മാലിന്യം മാത്രം കൊണ്ടുപോയാല്‍ മതിയാകും.
നഗരത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള അജൈവ മാലിന്യങ്ങള്‍ ഏറ്റെടുക്കുന്ന ജോലി ക്ലീന്‍ കേരള കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഏതെല്ലാം തരം മാലിന്യങ്ങള്‍ ഏതൊക്കെ ദിവസങ്ങളില്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാം എന്നതു സംബന്ധിച്ച കലണ്ടറിന്റെ കരട് നഗരസഭ തയാറാക്കിയിട്ടുണ്ട്. ഇത് ഇന്നു പ്രസിദ്ധീകരിക്കും. പൊതുജനാഭിപ്രായം കൂടി സ്വീകരിച്ച ശേഷം കലണ്ടര്‍ അന്തിമമാക്കും. ഏപ്രില്‍ മാസം മുതല്‍ കലണ്ടര്‍ പ്രകാരം എല്ലാ അജൈവമാലിന്യങ്ങളും ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് തുടങ്ങുമെന്നും മേയര്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് മാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, കൗണ്‍സിലര്‍ അംബിക സുദര്ശനന്, സിപിഎം ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാര്‍, ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍, ദീപക് വര്‍മ എന്നിവര്‍ പങ്കെടുത്തു.