റോബോട്ടിക് മത്സരം: എംഎ എൻജിനീയറിംഗ് കോളജ് ഒന്നാമത്
1451502
Sunday, September 8, 2024 3:24 AM IST
കോതമംഗലം: അന്തർദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (ഐ ട്രിപ്പിൾ ഇ) ഏഷ്യ പസഫിക്തലത്തിൽ നടത്തിയ റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോളജിലെ വിദ്യാർഥികളായ മൊഹമ്മദ് സെയ്ൻ, വിഷ്ണുരാജ് അനിൽകുമാൽ, ഉപദേശകനും കോളജ് പ്രിൻസിപ്പലുമായ ഡോ. ബോസ് മാത്യു ജോസ് എന്നിവർ അടങ്ങുന്ന ലേറ്റൻസി സീറോ ടീം വികസിപ്പിച്ചെടുത്ത കുഴി ബോംബുകളും ഉപരിതല ബോംബുകളും കണ്ടെത്തുന്ന റോബോട്ടുകളാണ് ജപ്പാനിലെ ടോക്യോയിൽ നടന്ന മത്സരത്തിൽ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ജപ്പാൻ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഒൻപത് ടീമുകളെ പിന്തള്ളിയാണ് എംഎ എൻജിനീയറിംഗ് കോളജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഏഷ്യാ പസഫിക് മേഖലകളിലെ വിവിധ സെക്ഷനുകളിൽ മികവുപുലർത്തിയവരെ തെരഞ്ഞെടുത്ത് യാത്രാ ചിലവുകൾ ഉൾപ്പടെ നൽകിയാണ് തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിക്കാൻ സംഘാടകർ അവസരം നൽകിയത്.
സമ്മാനദാനം ഐ ട്രിപ്പിൾ ഇ പ്രസിഡന്റ് (ഇലക്ട് 2024) കാതലീൻ ക്രാമർ നിർവഹിച്ചു. ഐ ട്രിപ്പിൾ ഇ പ്രസിഡന്റ് തോമസ് കഫ്ലിന്റെ, റോബോട്ടിക് മത്സരത്തിന്റെ ലീഡ് ഡോ. സിയ അഹമ്മദ് എന്നിവർ പങ്കെടുത്തു.
രാജ്യാന്തര തലത്തിൽ വിജയം കൈവരിച്ച വിദ്യാർഥികളെയും ഉപദേശകനെയും ഐ ട്രിപ്പിൾ ഇ കോളജ് ബ്രാഞ്ച് കൗൺസിലർ പ്രഫ. നീതു സലിം, കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ തലവന്മാർ, കോളജ് ചെയർമാൻ ഡോ. വിന്നി വർഗീസ് എന്നിവർ ചേർന്ന് ആദരിച്ചു.